ഡമാസ്കസ്: സിറിയയിലെ ആലപ്പോയിൽ സിറിയൻ സേനയും കുർദ് വംശജർ നേതൃത്വം നല്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസും (എസ്ഡിഎഫ്) തമ്മിൽ വൻ ഏറ്റുമുട്ടൽ. രണ്ടു ദിവസത്തെ പോരാട്ടത്തിൽ ഒന്പതു മുതൽ 11 പേർ വരെ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ആലപ്പോയിലെ കുർദ് ഭൂരിപക്ഷ പ്രദേശങ്ങളായ ഷെയ്ഖ് മഖ്സൂദും അഷ്റഫിയായും യുദ്ധമേഖലകളായി സിറിയൻ സേന പ്രഖ്യാപിച്ചു. ഈ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. പ്രദേശവാസികൾ കൈയിൽകിട്ടിയതെല്ലാമെടുത്ത് ഓടിപ്പോവുകയാണ്.
കുർദ് പ്രദേശങ്ങളെ ലക്ഷ്യമിട്ട് സിറിയൻ സേന ഷെല്ലാക്രമണം ആരംഭിച്ചു. മരിച്ചവരിലും പരിക്കേറ്റവരിലും വനിതകളും കുട്ടികളും ഉൾപ്പെടുന്നു. ആലപ്പോയിലെ അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂർ നേരത്തേക്ക് അടച്ചതായി ഇന്നലെ അറിയിച്ചു.
സിറിയയിലെ അഹമ്മദ് അൽ ഷാര ഭരണകൂടവും കുർദുകളും തമ്മിൽ 2025 മാർച്ചിലുണ്ടാക്കിയ ഉടന്പടി സംബന്ധിച്ച തർക്കമാണ് ഏറ്റുമുട്ടലിനു കാരണം. എസ്ഡിഎഫിനെ സിറിയൻ സേനയിൽ ലയിപ്പിക്കാനും പ്രസിഡന്റ് അൽ ഷാരയുടെ നേതൃത്വത്തിൽ സിറിയയിൽ ഏകീകൃത ഭരണകൂടം സ്ഥാപിക്കാനുമാണ് കരാറുണ്ടാക്കിയത്.